സിപിഎം തിരുവല്ല ലോക്കൽ സെക്രട്ടറി വെട്ടേറ്റു മരിച്ചു

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടേറ്റുമരിച്ചു.. വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. മുൻ പഞ്ചായത്തംഗമാണ്. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും, അഞ്ചോളം വരുന്ന സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും സിപിഎം ആരോപിക്കുന്നു. ബൈക്കിലെത്തിയ സംഘം സന്ദീപിനെ തൊട്ടടുത്തുള്ള വയലിലേക്കു കൊണ്ടുപോയി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിന് ആഴത്തിൽ കുത്തേറ്റിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സന്ദീപ് കുമാറിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിപിഎമ്മിന്റെ സംസ്ഥാനനേതാക്കൾ തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയവൈരാഗ്യമുണ്ടോയെന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.