ഒമിക്രോൺ ബാധിതൻ സ്വകാര്യ ലാബിലെ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇന്ത്യ വിട്ടു,

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ ബാധിതനായ ദക്ഷിണാഫ്രിക്കൻ സ്വദേശി കഴിഞ്ഞയാഴ്ച രാജ്യം വിട്ടതായി കർണാടക സർക്കാർ. കഴിഞ്ഞ ശനിയാഴ്ച ഒരു സ്വകാര്യ ലാബിൽ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലാണ് 66കാരനെ രാജ്യം വിടാൻ അനുവദിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് ദുബായിലേക്കാണ് ഇയാൾ പോയത്. ഔദ്യോഗിക രേഖകൾ പ്രകാരം നവംബർ 20ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയ 66കാരൻ ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ബംഗളൂർ കോർപ്പറേഷൻ പുറത്തിറക്കിയ യാത്രാരേഖകളിലാണ് ഈ വിവരം.

നവംബർ 20ന് ബംഗളൂരുവിൽ എത്തിയ ശേഷം ഒരു ഹോട്ടലിൽ മുറിയെടുത്ത ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആണെന്ന് അന്നേ ദിവസം നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ഒരു സർക്കാർ ഡോക്ടർ പരിശോധിക്കുകയും കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന വ്യക്തിയായതിനാൽ ഇദ്ദേഹത്തിന്റെ സാംപിളുകൾ നവംബർ 22ന് ജെനോ സീക്ക്വൻസിംഗിന് വേണ്ടി അയച്ചു.

എന്നാൽ ഇതിന്റെ പിറ്റേന്ന് ഒരു സ്വകാര്യ ലാബിൽ നിന്ന് സ്വമേധയാ കൊവിഡ് പരിശോധന നടത്തുകയും, ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇദ്ദേഹം ദുബായിലേക്ക് പോകുകയും ചെയ്തു. നവംബർ 27നാണ് ഇദ്ദേഹം ദുബായിലേക്ക് പോകുന്നത്. നവംബർ 22ന് അയച്ച ജെനോം സീക്ക്വൻസിംഗിന്റെ ഫലം ഇന്ന് പുറത്ത് വന്നതോടെയാണ് ഇദ്ദേഹത്തിന് ഒമിക്രോൺ ആണെന്ന് സ്ഥിരീകരിച്ചത്.