കൊലക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല; കോടിയേരി
തിരുവനന്തപുരം: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റേത് ക്രൂരമായ കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസ് – ബിജെപി സംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ പങ്കുള്ളവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തിയ ശേഷമുള്ള കോടിയേരിയുടെ ആദ്യ വാർത്തസമ്മേളനമായിരുന്നു ഇത്.
2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പാർട്ടിയുടെ 20 പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊന്നതും ബിജെപി – ആർ.എസ്.എസ് സംഘമാണ്. കൊലക്ക് പകരം കൊലയെന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ല -അദ്ദേഹം പറഞ്ഞു. ഇതിനകം കേരളത്തിൽ ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായത് 215 സിപിഐ എമ്മുകാരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തിൽ 588 സിപിഐ എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു
ഇത്തരം കൊല നടത്തി പാർട്ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്ന് മുൻകാലങ്ങളിൽ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എമ്മിന്റെ മുദ്രാവാക്യമല്ല. ആർഎസ്എസുകാർ സൃഷ്ടിക്കുന്ന പ്രകോപനത്തിൽ പെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. പത്തനംതിട്ടയിൽ വിവിധ പ്രദേശത്ത് പ്രത്യേകമായി പരിപാടി സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
തലശ്ശേരിയിൽ ബിജെപി-ആർ.എസ്.എസ് നടത്തിയ പ്രകടനം മുസ്ലിംകൾക്ക് എതിരെയുള്ള കലാപാഹ്വാനമെന്ന് കോടിയേരി പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ആർ.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണ്. ഇതിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസംബർ ഏഴിന് കേരളത്തിലെ ജില്ലാ – ഏരിയ കേന്ദ്രങ്ങളിൽ സിപിഎം ആഭിമുഖ്യത്തിൽ ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യമുയർത്തി, ദേശവ്യാപകമായി സിപിഐ എം ആഹ്വാനം ചെയ്ത പ്രക്ഷോഭം നടത്തും. ആർഎസ്എസുകാർ മതന്യൂനപക്ഷങ്ങൾക്കെതിരായും പട്ടികജാതി -പട്ടികവർഗ ജനവിഭാഗത്തിനെതിരായും ദേശവ്യാപകമായി അക്രമം നടത്തുന്നു. അതിൽ പ്രതിഷേധിക്കണമെന്ന കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഏഴാം തീയതി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് വിശദീകരിച്ചു.