Main Banner

സന്ദീപിന്റെ കൊലപാതകം; പ്രതികൾ ബിജെപി പ്രവർത്തകർ;രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് ശരി വച്ചത് സിപിഎമ്മിന്റെ നിലപാട്; ഇന്ന് പിറന്നാളായിരിക്കെ ഭാര്യയുടെ സമ്മാനം നെഞ്ചോട് ചേർത്ത് സന്ദീപിന്റെ വിടവാങ്ങൽ

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതക കേസിൽ പൊലീസ് നിലപാട് മാറ്റി. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്ന പറഞ്ഞ പൊലീസ് കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്നു എഫ്‌ഐആറിൽ പറയുന്നു. പ്രതികൾക്കു സന്ദീപിനോടു മുൻവൈരാഗ്യമുണ്ടായിരുന്നതായും എഫ്‌ഐആറിൽ പറയുന്നു.

1 st paragraph

മുൻവൈരാഗ്യത്തിന്റെ കാരണം എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ സിപി എമ്മിന്റെ വാദമാണ് പൊലീസും ശരിവയ്ക്കുന്നത്. സന്ദീപിനെ ആക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

2nd paragraph

സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. എന്നാൽ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കമുള്ള ആളുകൾ സംഭവത്തിൽ രാഷ്ട്രീയപരമായ ബന്ധം തള്ളുകയും മുൻവൈരാഗ്യമാണ് കാരണമെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്.

പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവർത്തകരായ അഞ്ചു പേർക്ക് സിപിഎം പ്രവർത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുൻകൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേൽപ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

മരണകാരണം ഹൃദയത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവ്

സന്ദീപിന്റെ മരണകാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഇരുപതിലേറെ മുറിവേറ്റിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പതിനൊന്ന് മുറിവുകൾ ആഴത്തിൽ ഉള്ളതാണ്. വലതു ശ്വാസകോശത്തിന്റെ താഴെഭാഗത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ഇന്ന് സന്ദീപിന്റെ ജന്മദിനം

ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് പിബി സന്ദീപ് കുമാർ കൊലക്കത്തിക്ക് ഇരയായത്. ഡിസംബർ നാലിന് ജന്മദിനം ആഘോഷിക്കാൻ കുടുംബം തയ്യാറെടുത്തുകൊണ്ടിരിക്കെയായിരുന്നു സന്ദീപിന് പിറന്നാൾ സമ്മാനമായി ചുവന്ന നിറത്തിലൊരു ഷർട്ടും ഭാര്യ സുനിത വാങ്ങി വച്ചിരുന്നു. ആ ഷർട്ട് സന്ദീപിന്റെ ശരീരത്തിന് മുകളിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ സുനിത വച്ചപ്പോൾ സാക്ഷിയായിരുന്നവരുടെ കണ്ണും നിറഞ്ഞു.

സുനിത വാങ്ങിയ ചുവന്ന ഷർട്ട് ചിതയിൽ സന്ദീപിന്റെ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങി. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം. അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു. പ്രസവത്തെ തുടർന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത.