സൗദിയിലെ വാഹനാപകടം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മുഹമ്മദ് ജാബിർ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്ന മുഹമ്മദ് ജാബിർ (36), ലൈബ മുഹമ്മദ് ജാബിർ (7) സഹ മുഹമ്മദ് ജാബിർ (7), ആൺകുട്ടിയായ ലുത്ഫി മുഹമ്മദ് ജാബിർ എന്നിവരാണ് മരിച്ചത്. മൃതദേഹം ബിഷക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലിൽ നിന്നും ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവർ.

പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങൾ അയച്ചിരുന്നു. വസ്തുക്കൾ അവിടെ എത്തിയിട്ടും കുടുംബം എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാതായതോടെകുടുംബത്തെ കാണാതായി വാർത്ത പരന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയാദിൽ നിന്നും 198 കിലോമീറ്റർ അകലെയുള്ള അൽ റൈനിൽ അപകടം നടന്നിരുന്നതായി അറിയുന്നത്. അപകടത്തിൽ പെട്ടത് ഇവരാണെന്നും തിരിച്ചറിഞ്ഞു. അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്. വാഹനം ഓടിച്ചിരുന്നത് ജാബിറായിരുന്നു. ജാബിറിന്റെ കുടുംബങ്ങൾ സൗദി അറേബ്യയിലുണ്ട്. വിവരം അറിഞ്ഞ് അവർ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

റിയാദിലെ സാമൂഹ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെ.എം.സി.സി പ്രവർത്തകൻ ശൗകത്ത്, ജിസാനിലെ സാമൂഹ്യ പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവരാണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നോർക്കയുമായി ബന്ധപ്പെടുന്നുണ്ട്, ജില്ലാ കലക്ടറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി ബേപ്പൂരിലെ വീട്ടിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.