വഖഫ് സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം; മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ നിന്നകലും: ടി കെ ഹംസ

മലപ്പുറം: വഖഫ് സമരത്തിന്  പിന്നിൽ മുസ്ലിം ലീഗിന് തട്ടിപ്പുകൾ പുറത്ത് വരാതിരിക്കുക എന്ന ഉദ്ദേശം മാത്രമാണെന്ന് വഖഫ് ചെയർമാൻ ടി കെ ഹംസ. ഇനി ഉള്ള കാലം സമുദായ സംഘടനകൾ ലീഗിനൊപ്പം ഉണ്ടാകണമെന്നില്ല. സമസ്ത (Samastha) നിലപാട് ലീഗിന്റെ ആദ്യ പരാജയം ആണെന്നും ടി കെ ഹംസ പറഞ്ഞു.

നിലവിൽ വഖഫിന്റെ ഉടമസ്ഥതയിൽ ഉള്ള 60% ത്തോളം ഭൂമിയും അന്യാധീനപ്പെട്ട അവസ്ഥയിലാണ്. ഇത് വീണ്ടെടുക്കാൻ വേണ്ടിയുള്ള പരിഷ്കരണങ്ങളിൽ ഒന്നാണ് യോഗ്യരായവരെ നിയമിക്കുക എന്നത്. നിയമനം പി എസ് സിക്ക് വിടാൻ ഉള്ള തീരുമാനത്തെ ലീഗ് എതിർക്കാൻ ഉള്ള കാരണം നിയന്ത്രണം നഷ്ടമാകുമെന്ന ഭയം ആണെന്ന് ടി.കെ. ഹംസ പറഞ്ഞു.

” 2016ലാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ഉള്ള തീരുമാനം സർക്കാർ എടുക്കുന്നത്. 2018 ൽ ഇത് സംബന്ധിച്ചുള്ള ഓർഡിനൻസ് പുറത്തിറക്കി. അന്നൊന്നും മുസ്ലിം ലീഗ് ഇതിനെ എതിർത്തില്ല. ഇപ്പോൾ 5 വർഷത്തിനിപ്പുറം ഇത്തരത്തിൽ പ്രതിഷേധം ഉയർത്തുന്നതിന് പിന്നിൽ ഒരു കാരണമേ ഞാൻ കാണുന്നുള്ളൂ, അന്നൊക്കെ വഖഫ് ബോർഡിന്റെ നിയന്ത്രണം മുസ്ലിം ലീഗിനായിരുന്നു. ഇപ്പോൾ അതല്ല. അധികാരം കൈവിട്ടതോടൊപ്പം മുമ്പ് നടത്തിയ വെട്ടിപ്പുകൾ പുറത്തു വരുമോ എന്ന ഭയം കൊണ്ടാണ് അവർ ഇപ്പോൾ ഈ പ്രതിഷേധങ്ങൾ നടത്തുന്നത്.

”വഖഫ് നിയമപ്രകാരം സിഇഒ, എ ഒ എന്നിവർ മുസ്ലിങ്ങൾ ആകണമെന്ന് ആണ് ചട്ടം. അത് ഇതുവരെ ആരും കോടതിയിൽ ചോദ്യം ചെയ്തിട്ടില്ല. അതു പോലെ തന്നെ ആകും പി എസ് സി നിയമനവും. ഇത് സംബന്ധിച്ചുള്ള ലീഗ് പ്രചരണങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

” പി.എസ്.സിക്ക് വിട്ടാൽ ഇതര മതസ്ഥർ വഖഫ് ബോർഡിന്റെ നിയന്ത്രണം ഏറ്റെടുക്കും എന്നാണ് ലീഗ് നടത്തുന്ന പ്രചരണം. എന്നാൽ നിലവിൽ തന്നെ ബോർഡിന്റെ സി ഇ ഒ , എ ഒ എന്നിവരുടെ നിയമനം മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക് മാത്രമാണ്. അതേ മാതൃകയിലാണ് നിയമനം നടത്താൻ ഉദ്ദേശിക്കുന്നത്. ആ നിയമനങ്ങൾ ഇതുവരെ ആരും കോടതിയിൽ ചെന്ന് ചോദ്യം ചെയ്തിട്ടില്ല. അതു പോലെ തന്നെയാണ് ഇതും. ഇക്കാര്യത്തിൽ സാമുദായിക സംഘടനകൾ ഒരു തരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ലീഗ് അനാവശ്യമായ ആശങ്ക പ്രചരിപ്പിക്കുകയാണ്. “

മത സാമുദായിക സംഘടനകൾക്ക് മേൽ ലീഗിന് ഉള്ള നിയന്ത്രണം നഷ്ടമാവുക തന്നെ ചെയ്യും. പള്ളിയെയും അനുഷ്ഠാനങ്ങളേയും ദുർവിനിയോഗം ചെയ്യാൻ ആണ് ലീഗ് ശ്രമിച്ചത്. സമസ്ത നിലപാട് ലീഗിന്റെ ആദ്യ പരാജയം ആണെന്നും ടി.കെ.ഹംസ അഭിപ്രായപ്പെട്ടു. ” മുസ്ലീങ്ങൾക്ക് ഒപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടി ലീഗ് മാത്രമാണ് എന്നാണ് പല സംഘടനകളുടേയും ധാരണ. എന്നാൽ ലീഗ് മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. അത് ഏറെ വൈകാതെ ഈ സംഘടനകൾ എല്ലാം തിരിച്ചറിയുകയും ചെയ്യും. പള്ളികളിലെ പ്രതിഷേധത്തിനെതിരെ സമസ്ത സ്വീകരിച്ച നിലപാട് ലീഗിന്റെ ആദ്യ പരാജയം ആണ്. ബി ജെ പി യും മുസ്ലിംലീഗും ഒരുപോലെ ആണ് മതത്തെ രാഷ്രീയമായി ഉപയോഗിക്കുന്നത്. “

മുഖ്യമന്ത്രി സമസ്തയുടെ ആശങ്കകൾ ദൂരീകരിക്കും എന്നു തന്നെ ആണ് കരുതുന്നത്. ലീഗിന്റെ പ്രതിഷേധങ്ങൾ വിലപ്പോകില്ല എന്നും ടി.കെ. ഹംസ പ്രതീക്ഷ പ്രകടിപ്പിച്ചു. ” മുഖ്യമന്ത്രി മതസംഘടനകളുടെ  എല്ലാ ആശങ്കളും അകറ്റും എന്ന് തന്നെയാണ് കരുതുന്നത്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ല. ” ടി.കെ. ഹംസ പറഞ്ഞു നിർത്തുന്നു.