ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധമാക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞതിനാലാണ് യൂണിഫോം നിർബന്ധമാക്കാൻ തീരുമാനിച്ചത്.

കൊവിഡ് കാരണം വൈകിയാണ് സ്‌കൂളുകൾ തുറന്നതെങ്കിലും ജൂണിൽ തന്നെ യൂണിഫോം തുണി വിതരണം പൂർത്തിയാക്കിയിരുന്നു. 38.02 ലക്ഷം മീറ്റർ തുണിയാണ് വിതരണം ചെയ്തത്. സർക്കാർ സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴ് വരെയും എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ നാലു വരെയുമുള്ള വിദ്യാർത്ഥികൾക്കാണ് കൈത്തറി തുണി നൽകിയത്. ആകെ 9.39 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് യൂണിഫോം ലഭിച്ചു. ഒരു വിദ്യാർത്ഥിക്ക് ഒരു ജോഡിയാണ് നൽകുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കൈത്തറി വകുപ്പ് 42 ലക്ഷം മീറ്റർ തുണി നിർമ്മിച്ചിരുന്നു. ഇതിൽ 38.02 ലക്ഷം മീറ്ററാണ് വിതരണം ചെയ്‌തത്. ആവശ്യമുള്ളതിന്റെ 10 ശതമാനം അധികം തുണി കൈത്തറി വകുപ്പ് നിർമ്മിക്കാറുണ്ട്. 2022- 23 അദ്ധ്യയന വർഷത്തേക്ക് 46.50 ലക്ഷം മീറ്റർ കൈത്തറിയാണ് യൂണിഫോമിനായി നിർമ്മിക്കുന്നത്.

72 പ്ളസ് വൺ ബാച്ച് കൂടി

പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കാത്തവർക്കായി 72 താത്ക്കാലിക ബാച്ചുകൾ അനുവദിച്ചതായി മന്ത്രി പറഞ്ഞു. സയൻസ്-1,​ഹ്യുമാനിറ്റീസ്-61,​ കൊമേഴ്സ്-10 എന്നീ ബാച്ചുകളാണ് അനുവദിച്ചത്. ഇവയിൽ അപേക്ഷ ക്ഷണിച്ച് പ്രവേശനം നടത്തും. താത്ക്കാലിക ബാച്ചുകളിലേക്ക് ഗസ്‌റ്റ് അദ്ധ്യാപകരെ നിയമിക്കും. ഒരു ബാച്ചിന് നാല് അദ്ധ്യാപകരെയാണ് അധികമായി വേണ്ടത്. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്‌കൂളുകൾ 8 ന് തുറക്കും. ഇവരുടെ ഹോസ്റ്റലുകളും പ്രവർത്തിക്കും. വിദ്യാർത്ഥികളുടെ ബസ് നിരക്ക് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.