വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എന്താണ് വർഗീയത: വിഡി സതീശൻ

മലപ്പുറം: വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എവിടെയാണ് വർഗീയതയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സർക്കാർ വഖഫ് വിഷയത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നിയമം പിൻവലിക്കണമെന്നും സതീശൻ പറഞ്ഞു.

”വഖഫ് നിയമനം പി എസ് സിക്ക് വിട്ടേ തീരൂ എന്ന് സർക്കാരിന് പിടിവാശിയാണ്. വഖഫ് ബോർഡിന്റെ അധികാരത്തിൽ സർക്കാർ കൈകടത്തരുത്. വിഷയത്തിൽ വർഗീയത കലർത്തേണ്ടതില്ല. സർക്കാർ മുസ്ലിം സംഘടനകളുമായി നേരത്തെ ചർച്ച നടത്തിയിരുന്നെങ്കിൽ ഇങ്ങനെ ഒരു തീരുമാനം വരുമായിരുന്നില്ല. മുഖ്യമന്ത്രി ചർച്ച ചെയ്യാം എന്ന് പറയുന്നത് നല്ല കാര്യം”. സതീശൻ പറഞ്ഞു.

വഖഫ് നിയമനം റിക്രൂട്ട്‌മെൻറ് ബോർഡിന് വിടുന്നതാണ് ഉചിതം. ദേവസ്വം ബോർഡിന് വെച്ചത് പോലെ റിക്രൂട്ട്‌മെന്റ് ബോർഡിനെ വെക്കണം. വിഷയത്തിൽ യുഡിഎഫിന് ഒറ്റ അഭിപ്രായമേയുള്ളൂ എന്നും വിഡി സതീശൻ പറഞ്ഞു.