രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിൽ
മങ്കട: രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലുപേര്‍ പിടിയിലായി. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍ (30) എന്നിവരെയാണ് മങ്കട ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലാവര്‍ ബിജെപി പ്രവര്‍ത്തകരാണ്. ഡിസംബര്‍ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്.
രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിത്തറ തകര്‍ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീടാക്രമിച്ചത് രാഷ്ട്രീയപ്രചരണത്തിനായി ബിജെപി ഉപയോഗപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിനെതിരേ ഹിന്ദു ഐക്യവേദി പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ആക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.
മങ്കട പോലിസ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്നിരുന്നവരവാണ് പ്രതികളെന്ന് വ്യക്തമായത്. സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിളെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവസ്ഥലത്തെത്തിയ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ലഭിച്ചു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണന്നും പോലിസ് അറിയിച്ചു. മങ്കട പോലിസ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, എസ്‌ഐ വിജയരാജന്‍, രാജേഷ്, രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.