പത്തുവര്‍ഷത്തിലധികം സര്‍വീസ്സുള്ള കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരപ്പെടുത്തണം – ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : കാര്യാലയങ്ങളുടെ വിസ്തീര്‍ണ്ണ പരിധി പരിഗണിക്കാതെ പത്തു വര്‍ഷത്തിലധികമായി ജോലി നോക്കുന്ന കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന് ജോയിന്റ് കൗണ്‍സിലിന്റെ അംഗ സംഘടനയായ കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 30 വര്‍ഷത്തിലധികം സര്‍വീസ്സുള്ളവര്‍ പോലും 8000 രൂപ മാത്രം പ്രതിമാസ വേതനം കൈപ്പറ്റി ഓഫീസിലെ തൂപ്പുജോലികളും ക്ലീനിംഗ് ജോലികളും ചെയ്തു വരുന്നു. ഇത്തരം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കാണാതെ പോകുന്നത് മുഖ്യധാര സംഘടനകള്‍ക്കും സര്‍ക്കാറിനും ഭൂഷണമല്ല. പത്തു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ കാഷ്വല്‍ സ്വീപ്പര്‍മാരെയും സ്ഥിരം ജീവനക്കാരാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ ഡിസംബര്‍ പത്തിന് സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ ഉപവാസ ധര്‍ണ്ണ നടത്തുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച് വിന്‍സെന്റ് സൂചിപ്പിച്ചു.  

കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച് വിന്‍സെന്റ് ഉദ്ഘാടനം ചെയ്യുന്നു


ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജിസ്‌മോന്‍ പി വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു സ്വാഗതവും ജോക്കബ് സ്റ്റീഫന്‍ , സുജിത് കുമാര്‍ പി, ശിവാനന്ദന്‍ കെ, പ്രസന്നന്‍ എം എന്നിവര്‍ക്ക് പുറമേ കണ്ടിയന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികളായ  വൈ ശാന്ത, എം നിസാം എന്നിവരും സംസാരിച്ചു.