വഖഫ് ബോർഡ് പി എസ് സി നിയമനം: മുസ്ലിം ലീഗ് സമരം തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ


മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്‌.സിക്ക് വിട്ട ഉത്തരവ് പിൻവലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുമായുള്ള ചർച്ചയിൽ നിയമം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയിൽ തന്നെ ഇത് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനം പി.എസ്‌.സിക്ക് വിട്ട ഉത്തരവിനെതിരെ ഡിസംബർ ഒമ്പതിന് കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ മാറ്റമില്ല. ലീഗ് പ്രക്ഷോഭം തുടരും. വഖഫ് ബോർഡ് നിയമനത്തിനെതിരെ എല്ലാ മുസ്‌ലിം സംഘടനകൾക്കും എതിർപ്പുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചത് വഖഫ് ബോർഡാണ്.