പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കല്‍: ഏകദിന പരിശോധന ജനുവരി 9ന്

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന് നടക്കുമെന്ന് ഫിഷറീസ് വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം നടത്തുന്നത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തിലാണ്.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകള്‍ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെര്‍മിറ്റ് വിതരണം ചെയ്യുന്നത്.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യാനങ്ങള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് ലഭിക്കുക. ഫിഷിംഗ് ലൈസന്‍സ്് ഉള്ളതും ഫിഷറീസ് ഇന്‍ഫമര്‍മേഷന്‍ മാനേജ്‌മെന്റ് രജിസ്‌ട്രേഷന്‍ നടത്തിയതുമായ യാനങ്ങള്‍ക്ക് മാത്രമേ പെര്‍മിഷറ്റ് അനുവദിക്കുകയുള്ളൂ. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എഞ്ചിനുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയില്ല.

ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകള്‍ക്ക് മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. അര്‍ഹതയുള്ളവര്‍ക്ക് പെര്‍മിറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം. സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാഫോറം മത്സ്യഫെഡ് മുഖേനെ ലഭ്യമാക്കും.