ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദ ചികിത്സ: യുവതി മരിച്ചു
നാദാപുരം (കോഴിക്കോട്): രോഗം ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭർത്താവ് ആലുവയിൽ മന്ത്രവാദ ചികിത്സയ്ക്കു വിധേയയാക്കിയ യുവതി മരിച്ചു. കല്ലാച്ചി ചെട്ടീന്റെവിട ജമാലിന്റെ ഭാര്യ നൂർജഹാനാണ് (44) ദാരുണാന്ത്യം. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ മൻസിലിൽ മൂസ – കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്.
ജാതിയേരി കല്ലുമ്മലിലെ വാടക വീട്ടിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് നൂർജഹാനെ ഭർത്താവ് ജമാൽ ആംബുലൻസിൽ ആലുവയിലേക്ക് കൊണ്ടുപോയത്. മരണവിവരം ഇന്നലെ പുലർച്ചെ നാലു മണിയോടെ ഭാര്യാമാതാവിനെ ഫോണിൽ അറിയിക്കുകയായിരുന്നു. യുവതിയുടെ മാതൃസഹോദരീ പുത്രൻ ഫൈസലിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വളയം പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രവാദ ചികിത്സയെ തുടർന്നാണ് മരണമെന്ന് പരാതിയിൽ ആരോപിക്കുന്നു.
ആറ് മാസം മുമ്പ് ചർമ്മ സംബന്ധമായ രോഗം ബാധിച്ച യുവതിക്ക് ഭർത്താവ് ജമാൽ വീട്ടിൽ ചികിത്സ നൽകുകയായിരുന്നു. യുവതിയുടെ വിവരം അറിയാതെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞത്. തുടർന്ന് അവർ ഇടപെട്ട് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും രോഗം കടുത്തതോടെ തുടർചികിത്സ നടത്താൻ തയ്യാറാകാതെ ജമാൽ ആലുവയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
മൃതദേഹം ആലുവയിൽ നിന്ന് കല്ലാച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തും.