പൊലീസ് യൂണിഫോമിൽ സേവ് ദി ഡേറ്റ്; പുലിവാല് പിടിച്ച് വനിതാ എസ്ഐ
കോഴിക്കോട്: ന്യൂജെന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിനെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സദാചാര ചര്‍ച്ചയ്ക്ക് തുടക്കമിട്ട കേരള പോലീസിന് സേനയ്ക്കുള്ളില്‍ നിന്ന് തന്നെ തിരിച്ചടി. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ ഔദ്യോഗിക യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പൊലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015-ല്‍ തന്നെ ഡി.ജി.പിയുടെ ഉത്തരവുണ്ട്. ടി.പി സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കേയാണ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് ഉത്തരവിറക്കിയത്. ഇതാണ് വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ കാറ്റില്‍ പറത്തിയത്.
എസ്.ഐയുടെ സേവ് ദ ഡേറ്റ് ചിത്രം ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ഇത് ഡി.ജി.പിയുടെ ഉത്തരവ് ലംഘിക്കുന്നതാണെന്നും യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നുമാണ് സേനാംഗങ്ങള്‍ക്കുള്ളിലെ വിമര്‍ശനം. ഇതോടെ എസ്.ഐ.ക്കെതിരേ നടപടിയെടുക്കാനും സാധ്യതയുണ്ട്. ന്യൂജന്‍ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്കെതിരേ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ഥിരമായി വിമര്‍ശനവുമായി എത്തുന്ന കേരള പോലീസ്, വനിതാ എസ്.ഐയുടെ ഫോട്ടോ ഷൂട്ടിലൂടെ ഒന്നും പറയാനാവാത്ത അവസ്ഥയിലുമായി.