കൂനൂരിൽ സംഭവിച്ചത് എന്ത് ?

ഊട്ടി: ഫീൽഡ് മാർഷൽ സാം മനേക് ഷായും അന്ത്യനിദ്ര കൊള്ളുന്ന മണ്ണാണ് ഊട്ടി. 94ാം വയസ്സിൽ 2008 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ മരണം. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിട പറഞ്ഞതും ആ മണ്ണിൽ. ഊട്ടിയിലെ ഒരു ചെറിയ ടൗണാണ് കൂനൂരിലേത്. അവിടെ ഒരു എസ്റ്റേറ്റിനുള്ളിലായിരുന്നു ബിപിൻ റാവത്ത് അടക്കമുള്ളവരെ ദുരന്തം തേടിയെത്തിയത്. ഒരു മലയുടെ അരികിലായാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ആ എസ്റ്റേറ്റിന്റെ ഏകദേശം നടുഭാഗത്തെത്തിയാൽ താഴെ സംഭവസ്ഥലം. ഒരു കൊക്ക പോലെ ആഴത്തിലായിരുന്നു അവിടം.

സാധാരണ എന്നുമുണ്ടാകുന്ന മൂടൽമഞ്ഞു മാത്രമേ അന്നും അവിടെ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫുൾ ടാങ്ക് ഇന്ധനവുമായി പറന്ന ഹെലികോപ്റ്റർ തകർന്നപ്പോൾ 3 പേർ പുറത്തേക്കു ചാടിയതായി കണ്ടെന്ന് നാട്ടുകാർ പറയുന്നു. അവരെ മാത്രമാണ് ആദ്യഘട്ടത്തിൽ പുറത്തെത്തിക്കാൻ സാധിച്ചതും. അവർക്കും പക്ഷേ അതീവ ഗുരുതരമായി പൊള്ളലേറ്റിരുന്നു.

സ്ട്രെച്ചറുകളില്ലാത്തതിനാൽ സമീപത്തെ വീടുകളിൽനിന്നു കിട്ടിയ സാരിയിലും തുണിയിലുമായിരുന്നു മൂവരെയും പടികളിറങ്ങി താഴേക്കു കൊണ്ടുവന്നത്. സ്ട്രെച്ചറിനു കാത്തുനിൽക്കാതെ അങ്ങനെ ചെയ്തതിനാൽ ആംബുലൻസ് വന്നയുടനെ മൂവരെയും പെട്ടെന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി. എന്നാൽ രണ്ടു മണിയോടെയാണ് ഇന്ധനം ഏകദേശം കത്തിത്തീർന്നത്. അതിനു ശേഷം മാത്രമേ ഹെലികോപ്റ്ററിൽ കുടുങ്ങിയ മറ്റുള്ളവർക്കായി തിരച്ചിലിനും സാധിച്ചുള്ളൂ.

ഹെലികോപ്റ്റർ താഴ്ന്നു പറക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. മൂടൽമഞ്ഞിലേക്കു ഹെലികോപ്റ്റർ കയറിപ്പോകുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്തിനു 10 കിലോമീറ്റർ മുൻപു വച്ചുതന്നെ ഹെലികോപ്റ്റർ താഴ്ന്നു പറക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു. എന്താണിങ്ങനെ ഇത്രയും താഴ്ന്നു പറക്കുന്നതെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു.

എസ്റ്റേറ്റുകളിൽ കാണുന്ന തരം ഉയരമുള്ള മരങ്ങളും ഏറെയുണ്ടായിരുന്നു പ്രദേശത്ത്. അവയിലൊന്നിൽ ഇടിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് 50 മീറ്റർ മാറിയുള്ള മറ്റൊരു മരത്തിലിടിച്ചാണ് തകർന്നത്. ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സംയുക്ത സേന മേധാവി ബിപിൻ റാവത്തിനെ അപകടസ്ഥലത്ത് നിന്ന് പുറത്തെടുക്കുേമ്പാൾ ജീവനുണ്ടായിരുന്നതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ പറയുന്നു. തകർന്ന എം.ഐ-17വി5 ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്ത് തന്റെ പേര് പറഞ്ഞതായും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണത്തിന് കീഴടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

റാവത്തിനെ കൂടാതെ അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് മാത്രമാണ് രക്ഷാപ്രവർത്തകർ എത്തുമ്പോൾ ജീവനുണ്ടായിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അപകടം നടന്ന ഉടൻ സംഭവസ്ഥലത്ത് 12 മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സമീപവാസിയായ രവി മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു വലിയ ശബ്ദം കേട്ടു. നോക്കുമ്പോൾ തീപിടിച്ച ഹെലികോപ്ടർ താഴേക്ക് വരുന്നതാണ് കണ്ടത്. ഉടൻ തന്നെ ഞങ്ങൾ അപകടസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ 12 പേർ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ജീവനുള്ള രണ്ട് പേരെ ഞങ്ങൾ രക്ഷിച്ചു, അവർ ജീവനുവേണ്ടി മല്ലിടുകയായിരുന്നു. ഒരു ആംബുലൻസിൽ അവരെ വെല്ലിങ്ടണിലെ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോയി’ -അദ്ദേഹം പറഞ്ഞു.

ജനറൽ ബിപിൻ റാവത്ത് തമിഴ്നാട്ടിലെ വെല്ലിങ്ടൺ കോളജിൽ യുവ കേഡറ്റുകളുമായി സംവദിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എം.ഐ-17വി5 ഹെലികോപ്ടർ നീലഗിരി ജില്ലയിലെ കൂനൂരിന് സമീപം തകർന്ന് വീഴുകയായിരുന്നു. റാവത്തിന്റെ സൈനിക ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, സ്റ്റാഫ് ഓഫിസർ ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കെ. സിങ്, ജൂനിയർ വാറന്റ് ഓഫിസറും സൂലൂരിലെ ഫ്ളൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്റ് ഓഫിസർ ദാസ്, ഹവിൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് സായ് തേജ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.