ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; 8 വര്‍ഷത്തെ ഒളിവിന് ശേഷം തിരൂർ സ്വദേശി പോലീസ് പിടിയിൽ

മലപ്പുറം: ഭാര്യയുടെ സ്വര്‍ണ്ണവുമായി മുങ്ങിയതിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കവേ പോലീസ് പിടിയിലായി പ്രതി. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍സലീമാണ് (43) എട്ട് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായത്.

വഴിക്കടവ് മൊടപ്പൊയ്ക എന്ന സ്ഥലത്ത് നിന്ന് ആദ്യം കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. പിന്നീട് പൊന്നാനിയില്‍ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും പൊന്നാനി തെയ്യങ്ങാട് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയും ചെയ്യുമ്പോഴാണ് ഇയാള്‍ വഴിക്കടവ് പോലീസിന്റെ പിടിയിലാവുന്നത്.

വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അന്വേഷണ സംഘത്തില്‍ സുനു നൈനാന്‍, റിയാസ് ചീനി, എം എസ് അനീഷ് എന്നിവരുമുണ്ടായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.