തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ-ബന്ധപ്പെട്ടവർ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു-എസ്. ഡി. പി. ഐ

തിരൂർ: തിരൂർ ജില്ലാ ആശുപത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം കേൾക്കുന്ന വാർത്തകൾ ഓരോന്നും ആശങ്ക ഉളവാക്കുന്നു എന്നത് മാത്രമല്ല അവ എല്ലാം തന്നെ സ്ഥലം എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി , തിരൂർ നഗരസഭ കൌൺസിൽ എന്നിവരെ പ്രതിസ്ഥാനത്ത് നിർത്തുന്നത് കൂടിയാണ്. വിഷയത്തിൽ ഈയിടെ സ്ഥലം എം.എൽ.എ യുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വ്യാപക വിമർശനടത്തിനിടയാക്കിയിട്ടുണ്ട്.

തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരുഭാഗത്ത് നിരന്തരം സമര പ്രക്ഷോഭങ്ങൾ നടത്തി പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോഴാണ് പരിമിതമായ സൗകര്യങ്ങളിൽ പോലും ഗത്യന്തരമില്ലാതെ ചികിത്സ തേടിയെത്തുന്നവർക്ക് വിമർശന വിധേയമായ ദുരനുഭവങ്ങളുണ്ടാകുന്നത്. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും ജനപ്രതിനിധികളാണെങ്കിലും നിശ്ചിത കാലത്തേക്ക് മാത്രമുള്ള കാവൽക്കാരും സൂക്ഷിപ്പുകാരും ജനസേവകരും മാത്രമാണെന്ന യാഥാർഥ്യം മറന്ന് ഉടമകളാകാൻ ശ്രമിക്കുന്നതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് യഥാർത്ഥ ഉടമകളായ പൊതുജനങ്ങളാണ്. അത് അനീതിയാണെന്ന് മാത്രമല്ല തിരുത്തപ്പെടേണ്ടതുമാണ്. തിരുത്തലുകളും പരിഹാരങ്ങളും ജനം പ്രതീക്ഷിക്കുന്നത് തങ്ങൾ വിശ്വാസമർപ്പിച്ച് തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ് അവരിൽ നിന്നും കാലങ്ങളായി കണ്ടുവരുന്നത്‌. പരാതികളുടെയും പോരായ്മകളുടേയും നിജസ്ഥിതി അന്വേഷിച്ചറിയാൻ തുനിയാതെ കുറ്റാരോപിതർക്ക് ഗുഡ് സർവീസ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രസ്താവനകൾ ആർക്കും ഭൂഷണമല്ല.

തിരുർ ജില്ലാ ആശുപത്രിയിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് അല്പമെങ്കിലും താല്പര്യമുള്ളവർ 5000 ലിറ്ററിൽ കൂടുതൽ സംഭരണ ശേഷിയുള്ള മാലിന്യ സംസ്കരണ പ്ലാന്റെങ്കിലും ആശുപത്രിക്കായി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കേണ്ടതുണ്ട്. ആശുപത്രിക്ക് അനുവദിച്ച സ്റ്റാഫ് പാlറ്റേൺ പോലും തികക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ഇതുവരെ ആയിട്ടില്ല. ജോലിഭാരം കൊണ്ട് നടുവൊടിയുന്ന ആശുപത്രി ജീവനക്കാരെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിച്ചാൽ മാത്രം പരിഹരിക്കപ്പെടുന്ന ഒന്നല്ല നിലവിൽ ആശുപത്രിക്കെതിരെ ഉയർന്നു കേൾക്കുന്ന പരാതികളിൽ ഏറെയും. കുറഞ്ഞ പക്ഷം ഒരു സർവ്വകക്ഷി യോഗം വിളിച്ച് ചേർത്ത് പോരായ്മകളെയും പരിഹാര മാർഗ്ഗങ്ങളെയും കുറിച്ച് ഒരു തുറന്ന ചർച്ചക്കെങ്കിലും സ്ഥലം എം.എൽ.എ മുൻകയ്യെടുക്കേണ്ടതുണ്ട്.
ആശുപത്രിയിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 40 ൽ അധികം സ്ഥിരം ജീവനക്കാരുടെ കുറവ് വ്യക്തമാക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾക്കെങ്കിലും അല്പനേരത്തേക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം പോലും ആശുപത്രി കോമ്പൗണ്ടിൽ ഇല്ലാത്തത്‌ കാരണം സെക്യൂരിറ്റി ജീവനക്കാരുമായുള്ള വാക്കേറ്റങ്ങൾ പ്രധാന കവാടത്തിലെ സ്ഥിരം കാഴ്ചകളാണ്. ഗർഭിണികളും തീരെ അവശരായ രോഗികളും ഇതുമൂലം കുറച്ചൊന്നുമല്ല പ്രയാസപ്പെടുന്നത്. എന്നാൽ ആശുപത്രി H.M.C യാകട്ടെ രോഗികളിൽ നിന്നും O.P ടിക്കറ്റ്, ലബോറട്ടറി, സ്കാനിംഗ്, X-Ray തുടങ്ങിയവക്ക് ഫീസ് ചുമത്തിയും വർദ്ധിപ്പിച്ചും സ്വകാര്യ ആശുപത്രികളെ കൃത്യമായി സഹായിക്കുന്നുമുണ്ട്.

തിരൂർ ജില്ലാ ആശുപത്രി കാലങ്ങളായി നേരിടുന്ന അവഗണനക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) തിരൂർ മണ്ഡലം കമ്മറ്റി തുടരുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും നാളുകളിലെ വിവിധ സമരപരിപാടികൾക്ക് എസ്.ഡി.പി.ഐ തിരൂർ മണ്ഡലം ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ രൂപം നൽകി.

എസ്. ഡി. പി. ഐ തിരൂർ മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നജീബ് തിരൂർ, ട്രഷറർ ഇബ്രാഹിം കുട്ടി, നിസാർ അഹമ്മദ്, ഹാജി, അലവി, ഇബ്രാഹിം എന്നിവർ സംസാരിച്ചു.