സാമൂഹിക മാധ്യമങ്ങൾ വഴി വലയിലാക്കിയ ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇടുക്കി: സാമൂഹിക മാധ്യമങ്ങൾ വഴി വലയിലാക്കിയ ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിക്കുകയും നഗ്‌നചിത്രം പകർത്തി ഭീഷണി മുഴക്കുകയും ചെയ്ത ഇരുപത്തിരണ്ടുകാരൻ പിടിയിൽ. കരുണാപുരം കല്ലാർ തൂക്കുപാലം കല്ലുപറമ്പിൽ ആരോമൽ ( 22) ആണ് പിടിയിലായത്.

പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാൾ സധൈര്യം മുന്നോട്ട് വന്ന് നൽകിയ പരാതിയിലാണ് നാടിനെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്. ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പർത്തുകയും ആ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തുവെന്നാണ് പരാതി.

പ്രതിയുടെ വീടിനോട് ചേർന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്ന പെൺകുട്ടികളാണ് ഇരകളിൽ ഏറെയും. വിവാഹ വാഗ്ദാനം ചെയ്ത് പെൺകുട്ടികളോട് അടുപ്പം സ്ഥാപിച്ചാണ് തുടക്കം. രാത്രി വൈകി വീഡിയോ കോളിൽ സംസാരിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന ചിത്രങ്ങൾ പകർത്തി വീണ്ടും ഉപദ്രവം തുടരുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

പൊലീസ് പ്രതിയുടെ മൊബൈൽ പരിശോധിച്ചുവരികയാണ്. നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.പ്രതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന സംശയത്തിൽ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്‌പി വി.എ നിഷാദ് മോൻ, നെടുംകണ്ടം എസ് എച്ച് ഒ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.