പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് റിയൽ എസ്റ്റേറ്റിലും വിദേശത്തും നിക്ഷേപം; അബുദാബിയിൽ ബാറും റെസ്റ്റോറന്റും; ഡിജിറ്റൽ രേഖകൾ കണ്ടെടുത്തെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയതോടെയാണ് പോപ്പുലർ ഫ്രണ്ടിനെതിരായി നീക്കം ശക്തമാക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിലാണ് പോപ്പുലർ ഫ്രണ്ടിന്റെ കള്ളത്തരങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്.

കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയിൽ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശത്തെ വസ്തുവകകൾ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നേതാക്കൾ അബുദാബിയിൽ ബാറ് നടത്തുന്നു എന്ന വാർത്ത പ്രവർത്തകരിലും കൗതുകമുണ്ടാക്കുന്ന കാര്യമായി. ഓഫിസുകളിൽനിന്നും ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കണ്ടെത്തി. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു പോപ്പുലർ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിൽ പോപ്പുലർഫ്രണ്ട് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തർ എത്തിയാണ് തടയാൻ ശ്രമിച്ചത്.

റെയ്ഡിൽ ക്രമക്കേടിന്റെ രേഖകൾ കണ്ടെത്തിയതോടെ ഇവരെ ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ഡിസംബർ എട്ടിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടന്നത്. പരിശോധനാ സമയത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇഡി സംഘം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഭീഷണി വകവെയ്ക്കാതെ ഇഡി തെരച്ചിൽ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.