പോത്തൻകോട് കൊലപാതകം; പത്ത് പേർ കസ്റ്റഡിയിൽ, കാൽ റോഡിൽ വലിച്ചെറിഞ്ഞയാളും പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പേർ പിടിയിൽ. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ മൂന്ന് പേർക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രതികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കിൽ പോകവേ സുധീഷിന്റെ കാൽ റോഡിൽ എറിഞ്ഞയാളും പിടിയിലായി.

ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് അക്രമിസംഘമെത്തിയത്. ഇവരെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ആക്രമിച്ചിരുന്നു.

അക്രമിസംഘം സുധീഷിന്റെ ഇടതുകാൽ വെട്ടിയെടുത്ത്,​ ബൈക്കിൽ അര കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി. ശേഷം കാൽ റോഡിൽ വലിച്ചെറിയുകയായിരുന്നു. ജംഗ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

ഗുണ്ടാ നേതാവിന്റെ സുഹൃത്തിനെ കൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സുധീഷ് പൊലീസിന് മൊഴി നൽകിയിരുന്നു.