ശശി തരൂർ എംപി ഉപയോഗിച്ച ‘അലൊഡോക്‌സഫോബിയ’ എന്ന വാക്കിൻ്റെ അർത്ഥം ഇതാണ്?

ന്യൂഡല്‍ഹി: ഡിക്ഷണറി പോലും തോറ്റു പോകുന്ന കടുകട്ടി വാക്കുകൾകൊണ്ട് മറുപടി കൊടുക്കുന്നതിൽ ശശി തരൂർ എംപി സമർത്ഥൻ ആണ്. ഇപ്പോഴിതാ പുതിയൊരു വാക്കുമായി എത്തിയിരിക്കുകയാണ് തരൂർ. ഇത്തവണ ബിജെപിയെ പരിഹസിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയിരിക്കുന്നത് . ‘അലൊഡോക്‌സഫോബിയ’ എന്ന വാക്കാണ് തരൂർ ബിജെപിയെ പരിഹസിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം എന്നാണ് ‘അലൊഡോക്‌സഫോബിയ’യുടെ അര്‍ത്ഥം വരുന്നത്. ഈ വാക്കിന്റെ ഗ്രീക്കിലെ വിശദീകരണവും അദ്ദേഹം ട്വീറ്റിന്റെ അവസാനം കുറിച്ചിട്ടുണ്ട്. ‘Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം’ എന്നുമാണ് അര്‍ത്ഥം.ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യു എ പി എ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് തരൂരിന്റെ ട്വീറ്റ്. പുതിയ വാക്ക് എത്തിയതോടെ ഇതിൻ്റെ അർഥം തേടി ഒരുപാട് ആളുകൾ ഗൂഗിളിൽ തിരയുന്നവരുണ്ട്.