വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്തുവന്നതോട സർക്കാർ വെട്ടിലായി. മന്ത്രി ഗവർണർക്ക് കത്തയച്ചത് ചട്ടവിരുദ്ധമെന്ന ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തുവന്നു. സർക്കാർ നോമിനിയെ ഗവർണറുടെ നോമിനി ആക്കാനാണ് മന്ത്രി ആർ ബിന്ദു കച്ചയച്ചത്. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.

ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറിൽ അവസാനിക്കുന്നതിനാൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണമെന്നു പ്രോ വൈസ് ചാൻസലർ എന്ന രീതിയിൽ നിർദേശിക്കുകയാണെന്ന് കത്തിൽ പറയുന്നു. യൂണിവേഴ്‌സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച് ഡയറക്ടറേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി നൽകുന്നത് സർവകലാശാലയ്ക്കു ഗുണകരമാകും. കണ്ണൂർ സർവകലാശാലയുടെ നിയമങ്ങൾ അനുസരിച്ച് വൈസ് ചാൻസലറെ രണ്ടാമത് നിയമിക്കുന്നതിനു തടസ്സമില്ല. പ്രായം സംബന്ധിച്ച നിയന്ത്രണവുമില്ലെന്നും കത്തിൽ പറയുന്നു.

കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ് ഇപ്പോൾ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.

വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്. സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള തുടർ അപേക്ഷകളിൽ രാജ്ഭവന്റെയും സർക്കാറിന്റെയും മറുപടി കാത്തിരിക്കെ സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക് തന്നെയായിരുന്നു. സർക്കാർ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നൽകി എന്ന ആക്ഷേപം തുടർച്ചയായി പ്രതിപക്ഷം ഉയർത്തുന്നു.

മന്ത്രിയല്ലെങ്കിൽ ആരെന്ന് വ്യക്തമാക്കണമെന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. മന്ത്രിയാകട്ടെ വിവാദത്തിൽ മൗനം തുടരുന്നു. വിസിയുടെ വിവാദ പുനർനിയമനത്തിലെ മന്ത്രിയുടെ മറ്റൊരു നിർണ്ണായക ഇടപെടൽ ഗവർണ്ണറും വെളിപ്പെടുത്തി. ഒരു വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സമ്മർദ്ദം ഫലത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിലേക്കാണ് വരുന്നത്.

നോമിനിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലിലും ആർ ബിന്ദു മൗനത്തിൽ തന്നെ. ഗോപിനാഥ് രവീന്ദ്രറെ നിയമന കേസിൽ ഹൈക്കോടതി വിധി പറയാനിരിക്കെ പരാമർശങ്ങൾ എന്തെങ്കിലും മന്ത്രിക്കെതിരെ ഉണ്ടാകുമോ എന്നതാണ് സുപ്രധാനം. നിയമനാധികാരി തന്നെ നിയമനം ചട്ടംലംഘിച്ചാണെന്ന് പരസ്യമാക്കിയത് കൂടി കോടതിയുടെ പരിഗണനയിലേക്കെത്തിക്കാനാണ് ഹർജിക്കാരുടെ ശ്രമം.


മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ വി സി വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കത്തു നൽകിയ കഴിഞ്ഞ എട്ടിന് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനയ്ക്ക് വന്നിട്ടുള്ള ഒരു ഫയലും, ഗവർണർ നോക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം. കണ്ണൂർ വിസി നിയമനത്തിൽ ഇടപെട്ട മന്ത്രി ആർ ബിന്ദു ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര് ആവശ്യപ്പെട്ടിട്ടാണ് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയത്? മുഖ്യമന്ത്രിയാണോ? ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമോപദേശകൻ, ചാൻസലർ കൂടിയായ ഗവർണറെ കണ്ടത് നിയമാനുസൃതം ആണോ? സെർച്ച് കമ്മിറ്റി റദ്ദാക്കാൻ ഗവർണറുടെ മേൽ സമ്മർദ്ദം ചെലുത്തിയത് ആര് ? ഏതു നിയമത്തിന്റെ പിൻബലത്തിലാണ് ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്? ഗോപിനാഥ് രവീന്ദ്രന് വി സിയായി പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിൽ നിന്നും ഗവർണ്ണർക്ക് കത്ത് നൽകിയിട്ടില്ല എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്തിനെന്നും ചെന്നിത്തല ചോദിച്ചു.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ നിയമനം ചട്ടവിരുദ്ധമായിട്ടാണ് നടത്തിയിട്ടുള്ളത് എന്ന് ചാൻസലർ കൂടിയായ ഗവർണർ പരസ്യമായി കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അതുകൊണ്ട് അദ്ദേഹം അടിയന്തരമായി ആ പദവി ഒഴിയണം. ഇത് പറയുന്നത് അദ്ദേഹത്തിനെതിരെ പരാതി പറയുവാൻ ചാൻസിലർ ഇല്ല എന്നുള്ളതുകൊണ്ട് കൂടിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജിവെക്കുന്നില്ലെങ്കിൽ, നിയമനം തെറ്റായിപ്പോയി എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക്, ഗവർണർ തന്നെ അദ്ദേഹത്തെ പുറത്താക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.