മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കേസിൽ ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ തന്നെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

യുവതിയുടെ ആഭരണങ്ങൾ തിരിച്ചു നൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിട്ടതിനെതിരെ തൊടിയൂർ സ്വദേശിയായ ഭർത്താവാണ് ഹർജി നൽകിയത്. വിവാഹത്തിന് തനിക്കു ലഭിച്ച 55 പവൻ സ്വർണാഭരണങ്ങൾ സഹകരണ ബാങ്കിലെ ലോക്കറിൽ വച്ചിരിക്കുകയാണെന്നും ഇവ തിരിച്ചു നൽകാൻ നിർദ്ദേശം നൽകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

ഇവ തിരിച്ചുനൽകാൻ ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നൽകാൻ ഓഫീസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്ക് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയ സ്വർണാഭരണങ്ങൾ ഹർജിക്കാരന്റെയും യുവതിയുടെയും പേരിലുള്ള സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനിച്ച സ്വർണാഭരണങ്ങൾ നിയമപ്രകാരം സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല. ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവിൽ വ്യക്തമല്ലെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.

തുടർന്ന് സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് എം.ആർ. അനിത റദ്ദാക്കി. ലോക്കറിൽ വച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടർന്ന് ഹർജി തീർപ്പാക്കി.