ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഏകമകനൊപ്പം വീട് വിട്ടിറങ്ങി. ഇവരുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചതിൽ കോട്ടയം റെയിൽവേ സ്റ്റേഷനാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്.പയ്യപ്പാടി വാഴച്ചിറയിലുള്ള വിട്ടിലായിരുന്നു സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നുവെന്നും

അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന റോസന്നയെ സിജു വിവാഹം കഴിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ട സിജി. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്ന് ആരെയും കാണാതിരുന്നപ്പോൾ അയൽക്കാർ നടത്തിയ തെരച്ചിലിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ഒളിവിൽ പോയ റോസന്നയുടെ ചിത്രം പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.