മദ്യത്തിന് കൂടുതൽ തുക ഈടാക്കിയാൽ ആയിരം ഇരട്ടി പിഴ; ബ്രാൻഡുകൾ പൂഴ്‌ത്തി വച്ചാൽ നൂറിരട്ടി; ബെവ്‌കോ ജീവനക്കാർക്കുള്ള പിഴ വർദ്ധിപ്പിച്ചു
തിരുവനന്തപുരം: മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകൾ നടത്തുകയും ചെയ്യുന്ന ബെവ്കോ ജീവനക്കാർക്കുള്ള പിഴ വർധിപ്പിച്ചു. നിരവധി തവണ മുന്നറിയിപ്പു നൽകിയിട്ടും ക്രമക്കേടുകൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

പരമാവധി വിലയേക്കാൾ കൂടുതൽ തുക മദ്യത്തിന് ഈടാക്കിയാൽ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടിയാണ് പിഴ. ബ്രാൻഡുകൾ പൂഴ്‌ത്തിവച്ചാൽ പൂഴ്‌ത്തിവച്ച ബ്രാൻഡിന്റെയും വിറ്റ ബ്രാൻഡിന്റെയും എംആർപി വ്യത്യാസത്തിന്റെ നൂറിരട്ടി ഈടാക്കും. വില കുറഞ്ഞ മദ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ ഷോപ്പ് മേധാവിയിൽനിന്ന് 5000 രൂപ പിഴ ഈടാക്കും.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചാൽ 30,000രൂപ പിഴ. അതുകൂടാതെ അച്ചടക്ക നടപടിയും ഉണ്ടാകും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനൽ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. പരിശോധനയിൽ കളക്ഷൻ തുകയിൽ കുറവോ കൂടുതലോ കണ്ടാൽ കുറവോ കൂടുതലോ ഉള്ള തുകയുടെ 100%മാണ് പിഴ.

ബാധ്യതാ പ്രസ്താവന, ക്ലോസിങ് കണക്കുകൾ, ഡെഡ് സ്റ്റോക്കിന്റെ കണക്കുകൾ എന്നിവ യഥാസമയം അറിയിക്കാതെ ഇരുന്നാൽ പ്രതിമാസം 10,000 രൂപ പിഴ ഈടാക്കും