കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം:കോലിക്കരയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രുവിന്റെ മകൻ ഹാരിസ് (34)ആണ് മരിച്ചത്.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മലപ്പുറം ജില്ലാ അതിർത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപം ബുധനാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.കോലിക്കരയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോയിരുന്ന ഹാരിസിനെ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിച്ച് തെറുപ്പിച്ച നിർത്താതെ പോവുകയായിരുന്നു.ദൂരേക്ക് തെറിച്ച് വീണ ഹാരിസിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നിർത്താതെ പോയ വാഹനം നാട്ടുകാർ കടവല്ലൂരിൽ വച്ച് പിടികൂടി. വിദേശത്തായിരുന്ന ഹാരിസ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.മികച്ച ഗോൾകീപ്പർ കൂടിയായ ഹാരിസ് പ്രദേശത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീമുകളിൽ സ്ഥിര സാനിധ്യമാണ്.ദുബായിൽ വിവിധ ക്ളബ്ബുകൾക്ക് വേണ്ടിയും ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്.നിരവധി സൗഹൃദ വലയങ്ങളുള്ള ഹാരിസിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മാതാവ്: ഫാത്തിമ ഭാര്യ ഹസ്ന മകൻ:മെഹറസ് റഹ്മാൻ സഹോദരങ്ങൾ: മുഹമ്മദ്കുട്ടി,നാസർ,ജമാൽ,അനീഷ,സുബൈദ,ആരിഫ