ജ്വല്ലറിയിൽ മോഷണം നടത്തിയ തിരൂർ പറവണ്ണ സ്വദേശിയായ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്. പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച  പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ് പിടികൂടിയത്. തിരുർ പറവണ്ണ യാറുക്കാന്റെ പുരക്കൽ ആഷിക്ക് ആണ്  പിടിയിലായത്.

സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി ജ്വല്ലറി ഉടമയുടെ ശ്രദ്ധ തിരിച്ച് മേശയിൽ ഉണ്ടായിരുന്ന അഞ്ചര പവൻറെ സ്വർണ്ണക്കട്ടി എടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ  മോഷണം നടത്തിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചും  ആണ് പൊലീസ് തിരൂർ പറവണ്ണ  സ്വദേശി ആഷിക് ആണ് പ്രതിയെന്ന്  തിരിച്ചറിഞ്ഞത്.

ഇയാൾക്കെതിരെ ഫറോക്ക്, തിരൂരങ്ങാടി, തിരൂർ,  പാണ്ടിക്കാട്, എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ  കേസുകൾ നിലവിലുണ്ട്, ടൗൺ ഐ പി അനിതകുമാരിയുടെ നേതൃത്വത്തിൽ  എസ്ഐമാരായ  ഷൈജു. സി, അനൂപ്. എ പി, സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒ മാരായ സജീഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.