പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് കോടതി

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് കോടതി

കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പരാതിക്കാരിയായ പെൺകുട്ടിക്ക് നമ്പി നാരായണന് കൊടുത്തത് പോലെ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദേശിച്ചു. സ്ഥലം മാറ്റം ശിക്ഷയല്ലെന്നും പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി പി രജിതക്കെതിരെ നടപടിയും അപമാനത്തിനിരയായതിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും ആവശ്യപ്പെട്ട് പെൺകുട്ടി പിതാവു മുഖേന നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് രൂക്ഷ വിമർശനമുന്നയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും കോടതി കുട്ടിക്ക് എന്ത് നഷ്ടപരിഹാരം നൽകാം എന്ന് ചോദിച്ചപ്പോൾ കുട്ടിക്ക് മാനസിക പിന്തുണ നൽകാം എന്ന ഉത്തരമായിരുന്നു സർക്കാർ നൽകിയിരുന്നത്. എന്നാൽ മാനസിക പിന്തുണ നൽകിയത് കൊണ്ട് കാര്യമില്ല, ആ കുട്ടിക്ക് എന്ത് നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് പൊലീസ് മേധാവിയും സർക്കാരും പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും എന്ത് മറച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. നീതി കിട്ടിയെന്ന് കുട്ടിക്ക് തോന്നണമെന്നും പൊലീസുകാരിയെ വെള്ളപ്പൂശുന്ന രീതിയിലുള്ള നടപടികളുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. പൊലീസ് മേധാവിയേയും രൂക്ഷമായി വിമർശിച്ച കോടതി പൊലീസ് ക്ളബിൽ ഇരുന്നാണോ അന്വേഷണം നടത്തേണ്ടതെന്നും പൊലീസുകാരിയെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടിയാണെന്നും ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റു പറ്റിയാതാകാം എങ്കിലും മറുപടി പറയാനുള്ള ബാദ്ധ്യത പൊലീസുകാരിക്കുണ്ടെന്ന് കോടതി സൂചിപ്പിച്ചു.