ബിജെപി മന്ത്രി രാജിവച്ചു; ഓഫീസില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം

പനാജി: ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട ഗോവന്‍ മന്ത്രി രാജിവച്ചു. ഗോവന്‍ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കാണ് ആണ് രാജിവെച്ചത്. മന്ത്രി ഓഫീസിൽ വെച്ച് ബിഹാറിൽ നിന്നുള്ള യുവതിയെ പീഡിപ്പിച്ചെന്നാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചത്. തെളിവുകളടക്കം കൈവശമുണ്ടെന്ന് ഇന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രിയുടെ രാജി.

ആരോപണത്തില്‍ സ്വതന്ത്ര്യമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി മിലിന്ദ് നായിക്ക് രാജി സമര്‍പ്പിച്ചതായും, രാജി ഗവര്‍ണര്‍ക്ക് കൈമാറിയതായും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ മാസം മുതല്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ഗിരീഷ് ചോദംന്‍കര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച വാര്‍ത്ത സമ്മേളനം വിളിച്ച ഇദ്ദേഹം മന്ത്രിയുടെ പേര് ആദ്യമായി വെളിപ്പെടുത്തി. തെളിവുകള്‍ കൈമാറിയിട്ടും സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നടപടി എടുക്കാത്തതിനാലാണ് പേര് വെളിപ്പെടുത്തേണ്ടിവന്നത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ലൈംഗിക പീഡനം നടത്തിയ മന്ത്രി മിലന്ദ് മാലിക്കാണെന്നും, ഇയാളെ സര്‍ക്കാറില്‍ നിന്നും പുറത്താക്കണമെന്നും, ഇത്തരം ആളുകളെ സംരക്ഷിച്ചാല്‍ പ്രതിപക്ഷത്തോട് ജനം പൊറുക്കില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞു. മന്ത്രിയും പീഡിപ്പിക്കപ്പെട്ട യുവതിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളുടെ കോപ്പികളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

അതേ സമയം തനിക്കെതിരായ ആരോപണം കെട്ടിചമച്ചതാണെന്നും സര്‍ക്കാറിന്‍റെ പ്രതിച്ഛായ രക്ഷിക്കാന്‍ താന്‍ പടിയിറങ്ങുന്നതെന്നുമാണ് രാജിവച്ച മന്ത്രി പറഞ്ഞത് എന്നാണ് ഗോവന്‍ പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം മന്ത്രി ഉള്‍പ്പെട്ട സെക്സ് ടേപ്പ് ഉണ്ടെന്നും, പീഡനത്തില്‍ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.