ഇ. ശ്രീധരന ശിഷ്ടകാലം കർമനിരതനായി ബി.ജെ.പി.ക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
പൊന്നാനി: സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുകയാണെന്നുള്ള പ്രഖ്യാപനത്തിനുപിന്നാലെ മെട്രോമാൻ ഇ. ശ്രീധരനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു.
ശിഷ്ടകാലം കർമനിരതനായി ബി.ജെ.പി.ക്കൊപ്പം അദ്ദേഹമുണ്ടാകുമെന്ന് സന്ദർശനത്തിനുശേഷം സുരേന്ദ്രൻ പറഞ്ഞു. ശനിയാഴ്‌ച വൈകീട്ടാണ് പൊന്നാനിയിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്. സൗഹൃദസന്ദർശനം മാത്രമാണെന്നാണ് ഇരുവരും പ്രതികരിച്ചത്.
പ്രായക്കൂടുതൽ കാരണം ദൈനംദിന പാർട്ടി പരിപാടികളിലും സമരങ്ങളിലും ഇനി ഉണ്ടാകില്ലെന്നതാണ് ഉദ്ദേശിച്ചത്. പാർട്ടിയുടെ ദേശീയ നിർവാഹകസമിതി അംഗമായി അദ്ദേഹം തുടരും. കർമനിരതനായി ബി.ജെ.പി.യിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സേവനം പൂർണമായും പാർട്ടിക്കു ലഭിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.
അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലപ്പെട്ടതായാണ് കാണുന്നത്. ചൂണ്ടിക്കാണിച്ച പോരായ്‌മകൾ തിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ടുപോകും -കെ. സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി. തിരുത്തലുകൾക്കു തയ്യാറാകണമെന്ന് കഴിഞ്ഞദിവസം ഇ. ശ്രീധരൻ ആവശ്യപ്പെട്ടിരുന്നു.
ജില്ലാപ്രസിഡന്റ് രവി തേലത്ത്, പാലക്കാട് മേഖലാ അധ്യക്ഷൻ പി. ഉണ്ണികൃഷ്ണൻ എന്നിവരും സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു.