ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ തീരത്തുനിന്ന് 29 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം.

ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവർ മീൻ പിടിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

സമുദ്രാതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി. പിടിയിലായവരെ കാങ്കസന്തുറൈ ക്യാമ്പിലേക്ക് കൊണ്ടുപോകുമോ അതോ അന്വേഷണത്തിന് ശേഷം നാട്ടിലേക്ക് അയക്കുമോ എന്ന് വ്യക്തമായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.