യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി റെയില്‍വേ പോലിസിന്റെ സംയുക്ത പരിശോധന

കോഴിക്കോട്: ട്രെയിനുകളില്‍ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ പോലിസ് പരിശോധന നടത്തി. റെയില്‍വേ പോലിസ് ഡിവൈഎസ്പി കെ എല്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം പാലക്കാട് സബ് ഡിവിഷന്റെ കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് പരിശോധന നടത്തിയത്.

അതിക്രമം, കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായിരുന്നു 24 മണിക്കൂര്‍ നീണ്ട പരിശോധന. കോഴിക്കോട് റെയില്‍വേ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ എസ്ഐ ജംഷീദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. റെയില്‍വേ സംരക്ഷണ സേന, റെയില്‍വേ ജീവനക്കാര്‍, എക്സൈസ്, ബോംബ് സ്ക്വാഡ്, സാമൂഹിക നീതി വകുപ്പ് പരിശോധനയില്‍ പങ്കാളികളായി.അനധികൃത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുകയും റെയില്‍വേ സ്റ്റേഷനുകളില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ഒമ്പത് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.