അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ ചികിത്സ ലഭിക്കാൻ വൈകി; ആശുപത്രിയിലേക്ക് കൊണ്ടു പോയ യുവാവ് മരിച്ചു

തൃശൂർ: അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് മരിച്ചു. മായന്നൂർ പരേതനായ വാസുവിന്റെ മകൻ സന്തോഷ് (38) ആണു ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സന്തോഷ് തിങ്കൾ ഉച്ചയോടെ പഴയന്നൂരിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അപ്പോഴേക്കും സന്തോഷിന്റെ നില അൽപ്പം വഷളായതിനെ തുടർന്ന് ഡോക്ടറും നഴ്‌സും ചേർന്ന് ആംബുലൻസിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ പുറപ്പെട്ടപ്പോഴാണ് ലക്കിടി ഗേറ്റിൽ 10 മിനിറ്റിലേറെ കുടുങ്ങിയത്. സന്തോഷിന്റെ നില വഷളായതോടെ ആംബുലൻസ് കടത്തി വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയില്ലാതെ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി.

ട്രെയിനുകൾ പോയശേഷം ആശുപത്രിയിലെത്തിച്ച്, തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. സംസ്‌കാരം ഇന്നു പാമ്പാടി പൊതു ശ്മശാനത്തിൽ. അമ്മ: നാരായണി. ഭാര്യ: അനിത. മകൾ: സനുഷ.