ആലപ്പുഴ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു. നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്.

സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി ഡി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസ് കൊല്ലം വെസ്റ്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, സിപിഒമാരായ ഷെമീര്‍, ലിനു ലാലന്‍, സിജോ കൊച്ചുമ്മന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.