സിപിഎം – സിപിഐ സംഘർഷം; രണ്ട് സിപിഐ പ്രവർത്തകർക്ക് പേർക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവർത്തകർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്.

കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യർ, ക്രിസ്റ്റീൻ ബേബി എന്നീവർക്കാണ് പരിക്കേറ്റത്.സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘർഷത്തിൽ തകർത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ഒരു മാസം മുമ്പ് സിപിഎമ്മിൽ നിന്ന് നാൽപ്പതോളം പേർ സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തർക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി ബൈക്കുകൾ അടിച്ചു തകർത്തുവെന്നും പ്രവർത്തകരെ മർദ്ദിച്ചുവെന്നുമാണ് സിപിഐ നേതാക്കൾ പറയുന്നത്.

സംഘർഷത്തിൽ പരിക്കേറ്റവരെ പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികളെത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു.