ദുരഭിമാന ആക്രമണം; പെൺകുട്ടിയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് തവണ; ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല, പരിക്കേറ്റ റിനീഷിന്‍റെ മൂത്ത സഹോദരനെയും അപായപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അറസ്റ്റിലായ അനിരുദ്ധന്‍ ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിനാണ് ആദ്യം ക്വട്ടേഷന്‍ നല്‍കിയത്. 25,000 രൂപ അഡ്വാന്‍സും കൈമാറി. എന്നാല്‍ മറ്റൊരു വലിയ ക്വട്ടേഷന്‍ ലഭിച്ചതിനെ തുടർന്ന് സംഘം മടങ്ങി. തുടർന്നാണ് കോഴിക്കോട്ടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്, പല കാരണങ്ങളാല്‍ അതും നടന്നില്ല. തുടർന്നാണ് സ്വന്തം നാട്ടുകാരായ ചെറുപ്പക്കാരടങ്ങിയ സംഘത്തെ കൃത്യം നടത്താന്‍ അനിരുദ്ധന്‍ സമീപിച്ചതെന്ന് പൊലീസ് പറയുന്നു.
റിനീഷിനെ കൊല്ലണമെന്നായിരുന്നു രണ്ടര ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷന്‍. തുടർന്നാണ് അഞ്ചംഗ സംഘം ഡിസംബർ 11ന് രാത്രി റിനീഷിനെ മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നത്. ഹൈക്കോടതി ജീവനക്കാരനായ റിനീഷിന്‍റെ മൂത്ത സഹോദരനെയും അപായപ്പെടുത്താന്‍ സംഘം പദ്ധതിയിട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ അതും നടന്നില്ല. അതേസമയം തെറ്റിദ്ധരിച്ചാണ് അനിരുദ്ധന്‍ തന്നെ ആക്രമിച്ചതെന്നാണ് റിനീഷ് പറയുന്നത്. വിവാഹം നടത്താന്‍ ഒരു സഹായവും ചെയ്തിട്ടില്ലെന്നും വിവരമറിഞ്ഞതുപോലും സമൂഹമാധ്യമങ്ങളിലൂടെയാണെന്നും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള റിനീഷ് പറഞ്ഞു.
കേസില്‍ എല്ലാവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കേസില്‍ വൈകാതെ കുറ്റപത്രം സമർപ്പിക്കും. അറസ്റ്റിലായ ഏഴ് പേരും നിലവില്‍ ജയിലിലാണ്. കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയ ഇവരുടെ സുഹൃത്തിനെയും മകളുടെ ഭര്‍ത്താവിന്റെ ബന്ധുവിനെയും ആക്രമിച്ചിരുന്നു. സുഹൃത്തായ റിനീഷിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കോവൂരിലെ ടെക്സ്റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം.
ഹെല്‍മറ്റ് അഴിക്കാന്‍ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.