വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്

കോഴിക്കോട്: വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തിൽ തുടർപ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് പറഞ്ഞു.

മൂന്നിന് മലപ്പുറത്ത് ചേരുന്ന നേതൃയോഗം തുടര്‍ പ്രക്ഷോഭം തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അഴകൊഴമ്പൻ നിലപാട് അവസാനിപ്പിക്കണം. വഖഫ് വിഷയത്തില്‍ മുസ്ലീം സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സര്‍ക്കാര്‍ മനസിലാക്കണം. വഖഫ് വിഷയത്തിൽ സമസ്ത ഇപ്പോഴും സമരരംഗത്തുണ്ട്. സമരമുഖത്ത് നിന്നും സമസ്ത പിന്മാറിയിട്ടില്ല. വഖഫ് വിഷയത്തിൽ പ്രക്ഷോഭം നടത്തുന്ന കോർഡിനേഷൻ കമ്മിറ്റി ഇപ്പോഴും സജീവമാണ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങും വരെ സമരമെന്നതാണ് ലീഗ് നിലപാടെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.