അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലു പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്ട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ നാലു പ്രതികൾ പിടിയിൽ. കവർച്ചാകേസ് പ്രതിയായ ഫൈസലടക്കമുള്ളവരെ ലോഡ്ജിൽ നിന്നാണ് കരുനാഗപള്ളി പൊലീസ് പിടിച്ചത്. ഫൈസലിന് പുറമേ വെള്ളൂർ സ്വദേശികളായ റിയാസ്, ആശിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകൾ നൗറിൻ എന്നിവർക്ക് മർദനമേറ്റ കേസിലാണ് നടപടി. ഡിസംബർ 22ന് രാത്രി എട്ടരയോടെ ഗുണ്ടാസംഘത്തിന്റെ വാഹനത്തിൽ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം നടന്നത്. ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറഞ്ഞതിന് ശേഷം പെൺകുട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും പരാതിയുണ്ടായിരുന്നു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമാണ് ഫൈസൽ.

സംഭവം നടന്ന് മൂന്നാം ദിവസവും പ്രതികൾ എവിടെയാണെന്ന സൂചന പോലും പൊലീസിനില്ലായിരുന്നു. പ്രതികൾ എത്താനിടയുള്ള ഇടങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരുന്നു. ഇവർ സഞ്ചരിച്ച കാർ മാത്രമാണ് കണ്ടെത്താനായിരുന്നത്. ശേഷം നടന്ന സജീവ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.