ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചു; സി ഐ അടക്കം അഞ്ച് പേർക്ക് പരിക്ക്, പൊലീസ് ജീപ്പുകൾ കത്തിച്ചു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. കുന്നത്തുനാട് സി ഐ വി ടി ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചു.

ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. കിറ്റെക്‌സ് കമ്പനിയിലെ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും ഇവർ ആക്രമിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകര്‍ത്താന്‍ ശ്രമിച്ചവരെയും പ്രതികൾ മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ആലുവ റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പൊലീസുകാർ സ്ഥലത്തെത്തി, ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 150ലേറെ ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു.