ഷാന്‍ വധക്കേസ്: അഞ്ചു വടിവാളുകള്‍ കണ്ടെത്തി, അഞ്ചു പേർ കൂടി അറസ്റ്റിൽ; രണ്‍ജിത് വധത്തില്‍ നിര്‍ണായക തെളിവുകള്‍
ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസില്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി.
മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ( 27), ആര്യാട് പഞ്ചായത്ത് 3- വാർഡിൽ തൈവെളി വിഷ്ണു-(28), ആര്യാട് പഞ്ചായത്ത് 3- വാർഡിൽ കിഴക്കേവേലിയകത്ത് വീട്ടിൽ ധനേഷ് -(25), മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7- വാർഡിൽ, കാടുവെട്ടിയിൽ വീട്ടിൽ അഭിമന്യൂ -(27), മണ്ണഞ്ചേരി പഞ്ചായത്ത് 2- വാർഡിൽ കുന്നുമ്മേൽ വെളി സനന്ദ് – (36) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ വി ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതിനിടെ ഷാൻ വധക്കേസിൽ പ്രതികൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തി. അർത്തുങ്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ അരീപ്പറമ്പ് പുല്ലം കുളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് അഞ്ച് വാളുകളാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കാർ ഉപേക്ഷിച്ച
കണിച്ച് കുളങ്ങരയിൽ നിന്ന് ഒരു കിലോമീറ്റർ വടക്ക് മാറിയാണ് ഈ സ്ഥലം. രക്ഷപ്പെടുന്നതിനിടെ ആയുധങ്ങൾ ഇവിടെ ഉപേക്ഷിച്ചെന്ന മൊഴിയുടെ
അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതി അഭിമന്യുവിനെയും കൊണ്ട് വന്നായിരുന്നു തെളിവെടുപ്പ്. ക്രൈംബ്രാഞ്ച്
ഡി.വൈ.എസ്.പി. കെ.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
രണ്‍ജിത് ശ്രീനിവാസന്‍ വധത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഷാന്‍ വധക്കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.