എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതക കേസ്: ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽപിടിയിലായത് പൊന്നാനി സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആലുവ ജില്ലാ പ്രചാരകൻ അനീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കന്മാർക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയത് അനീഷാണെന്ന് പൊലീസ് പറയുന്നു.

മലപ്പുറം സ്വദേശിയായ അനീഷിനെ ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസ് നേതാക്കൾക്ക് അറിവുണ്ടായിരുന്നു എന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിലാവുന്നത്.

രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് ഷാനെ കൊലപ്പെടുത്തിയത് എന്നാണ് റിമാൻഡ് റിപ്പോർട്ട്. ചേർത്തലയിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നുമാണ് പൊലീസ് നിലപാട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ഷാന്റെ കൊലയെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.

പ്രതികാര കൊല എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുമ്പോൾ തന്നെ ചില നേതാക്കൾക്ക് അറിയാമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യം നിർവഹിച്ച ശേഷം പ്രതികൾക്ക് രക്ഷപ്പെടാനും നേതാക്കളുടെ സഹായം ലഭിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഷാന്റെ കൊലയ്ക്കു ശേഷം എത്തിയ സംഘാംഗങ്ങൾ രണ്ടു ടീമായി രക്ഷപ്പെട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ചേർത്തലയിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നത്. കൊല നടത്താൻ ഏഴ് പേരെ നിയോഗിച്ചു.

കൃത്യം നടപ്പാക്കുന്നതിന് രണ്ടു മാസം മുൻപ് ആസൂത്രണത്തിനായി രഹസ്യ യോഗം ചേർന്നിുന്നു. ഇതിന് ശേഷം ഡിസംബർ 15നും യോഗം ചേരുകയും ചെയ്തു. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കെ എസ് ഷാനെ ആർഎസ്എസ് സംഘം വെട്ടിയത്. ഗുരുതര പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു