തിരൂരിലെ ന്യൂയര്‍ പാര്‍ട്ടികള്‍ക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍
തിരൂര്‍: കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായി. ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെക്ക് വരുന്ന ട്രെയിനുകള്‍ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് ആര്‍പിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ റെയിഡില്‍ 1.600 കിലോ കഞ്ചാവ് പിടികൂടി. തമിഴ്‌നാട് മധുരൈ ഉസ്‌ലാംപെട്ടി സ്വദേശി ഭുവനേഷ്.വി(19)ആണ് പിടിയിലായത്.
തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും തിരൂര്‍ ആര്‍പിഎഫ്, ആര്‍പിഎഫ് ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുമായി നടത്തിയ സംയുക്ത റെയ്ഡിലാണ് തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് ഇയാള്‍ ഇന്ന് രാവിലെ പിടിയിലായത്.
ക്രിസ്തുമസ്സ് ന്യൂയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലേക്കുള്ള മദ്യമയക്ക്മരുന്ന് കടത്ത് തടയുന്നതിന് തിരൂരില്‍ എക്‌സൈസും, ആര്‍പിഎഫും സംയുക്തമായി രാത്രികാലങ്ങളിലടക്കം നിരവധി പരിശോധനകള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നൂറിലധികം കുപ്പി ഗോവന്‍ മദ്യം പിടികൂടിയിരുന്നു.
ഇന്ന് രാവിലെ നടന്ന സംയുക്ത പരിശോധയില്‍ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, എകസൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍,സജിത. ഒ, ആര്‍പിഎഫ് ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അംഗങ്ങളായ കോണ്‍സ്റ്റബിള്‍ വിജേഷ് , ദിലീപ്, ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ്, എക്‌സൈസ് ഇന്റലിജെന്‍സ് പ്രിവന്റീവ് ഓഫീസര്‍ വി.കെ സൂരജ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എല്‍.ബാബു, സിവില്‍ എകസ്‌സൈസ് ഓഫീസര്‍ റിബീഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.