ഗ്രന്ഥകാരനെ കാണാന്‍ കടലുംകടന്ന് പ്രസാധകരെത്തി
തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരനെ തേടി തുര്‍ക്കിയിലെ പ്രസാധകര്‍ ഊരകത്തെ മമ്പീതി ഗ്രാമത്തിലെത്തി. ഗ്രന്ഥകാരനായ സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ കാണാനാണ് പ്രസാധകര്‍ നേരിട്ടെത്തിയത്.
ലോകപ്രസിദ്ധ ഗ്രന്ഥ പ്രസാധകരായ ഹഖീഖത്ത് കിതാബേവിയുടെ പ്രതിനിധികളാണ് സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ തേടി വസതിയിലെത്തിയത്. 1974ല്‍ ഹഖീഖത്ത് കിതാബേവി പ്രസിദ്ധീകരിച്ച
ഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് എന്ന ഗ്രന്ഥമാണ് തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച മുഹമ്മദ് കുട്ടി മുസ്ലിയാരൂൂടെ ആദ്യ ഗ്രന്ഥം.
അര നൂറ്റാണ്ടിലേറെ കാലം തിരൂരങ്ങാടി നടുവിൽ പള്ളിയിൽ മുദരിസായി സേവനം ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ് മുഹമ്മദ് കുട്ടി മുസ്ലിയാര്‍. ഫറോക്കിൽ ദർസ് നടത്തിയിരുന്ന കാലത്താണ് ഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് രചിച്ചത്. ഫറോക്ക് കോളേജിൽ എത്തുന്ന മുസ്ലിം വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ച ജുമുഅ നിസ്കരിക്കാൻ എത്തിയിരുന്നത് കോളേജിന്റെ തൊട്ടടുത്തുള്ള പുത്തനാശയക്കാരുടെ പള്ളിയിലായിരുന്നു. ഈ അവസരം മുതലെടുത്ത്
നിസ്കരിക്കാൻ എത്തുന്ന വിദ്യാർത്ഥികളിലേക്ക് അവരുടെ ആശയം പ്രചരിപ്പിക്കുക പതിവായിരുന്നു. ഇതിനു പരിഹാരം തേടി നടക്കുന്നതിനിടയിലാണ് ഗുരുവായ ഒ കെ സൈനുദ്ധീന്‍ കുട്ടി മുസ്ലിയാരെ ചാലിയത്തെ ദർസിലെത്തി സന്ദര്‍ശിക്കുന്നത്. അവിടെ വെച്ച് മനോഹരമായ ചട്ടയുള്ള ഒരു ഗ്രന്ഥം ശ്രദ്ധയില്‍പെട്ടു. കൗതുക പൂർവ്വം അതെടുത്ത് മറിച്ച് നോക്കി. അഹ്ലുസ്സുന്നയുടെ വിശ്വാസാചാരങ്ങൾ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ വസ്തു നിഷ്ടമായി സ്ഥാപിക്കുന്ന ആ ഗ്രന്ഥം മുഹമ്മദ് കുട്ടി മുസ്ലിയാരെ ആകര്‍ഷിച്ചു. പ്രസാധകരുടെ വിലാസം കുറിച്ചെടുത്തു. പുത്തനാശയക്കാരുടെ കുതന്ത്രം വിവരിച്ച് തുർക്കിയിലേക്ക് ഒരു കത്തയച്ചു. താമസിയാതെ തന്നെ രചന ആവശ്യപ്പെട്ട് പ്രസാധകരുടെ മറുപടിയും ലഭിച്ചു.
ഇങ്ങിനെയാണ് ഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് എന്ന ഗ്രന്ഥം പുറത്തിറങ്ങിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും അതിന്റെ കോപ്പികള്‍ പ്രചരിച്ചു. അതിനു ശേഷം ‘സുന്നി’ എന്ന പേരിലുള്ള വിശ്വാസ ആശയ ഗ്രന്ഥവും തുര്‍ക്കിയിലെ ഇതെ പ്രസാധകള്‍ പുറത്തിറക്കി. . അഞ്ച് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച ഇതിന് മുഹമ്മദ് കുട്ടി മുസ്ലിയാരുടെ കൈപ്പടയില്‍ തന്നെ എഴുതിയത് അപ്പടി പ്രസിദ്ധീകരിച്ചു എന്ന പ്രത്യേകതയുമുണ്ട്. ഈ ഗ്രന്ഥം നാട്ടിലെത്തിച്ച് ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇതോടെ തുര്‍ക്കിയിലെ പ്രസാധകര്‍ക്ക് ഏറെ പ്രിയ ഗ്രന്ഥകാരനായിരുന്നു മുഹമ്മദ് കുട്ടി മുസ്ലിയാര്‍.
നാലര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പ്രസാധകര്‍ ഗ്രന്ഥകാരനെ തേടിയെത്തിയത്. ഹുസൈൻ ഹിൽമി എന്ന പണ്ഡിതനായിരുന്നു അന്നത്തെ പ്രസാധകര്‍. ഇപ്പോള്‍ ചുമതലയുള്ള നാസി ടൊര്‍ബ ഇവരുടെ ഇന്ത്യയിലെ പ്രസാധന ചുമതലയുള്ള വിഭാഗത്തിലെ ഫര്‍ഹാന്‍ സിദ്ദീഖിയെയും കൂട്ടിയാണ് ഇന്നലെ സന്ദര്‍ശനം നടത്തിയത്. ഹുസൈന്‍ ഹില്‍മിയുടെ പഴയ ഫയലുകളില്‍ നിന്നാണ് മുഹമ്മദ് കുട്ടി മുസ്ലിയാരെകുറിച്ഛുള്ള വിവരങ്ങളും വിലാസവും ലഭിച്ചത്. മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ശിഷ്യന്‍ കൂടിയായ പ്രൊഫ.എ കെ അബ്ദുല്‍ ഹമീദിന്റെ വിലാസവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇവരുമായി ബന്ധപ്പെട്ടശേഷമാണ് ഊരകം മമ്പീതിയിലെക്ക് തിരിച്ചത്.
ഗ്രന്ഥ രചിയിതാവിന്റെ കൈവശമുണ്ടായിരുന്ന പഴയ ‘സുന്നി’യുടെ രണ്ട് വാള്യങ്ങള്‍ പുനഃപ്രസിദ്ധീകരണത്തിനായി വീണ്ടും അവര്‍ ഏറ്റുവാങ്ങി. വൈകാതെ അഞ്ച് വാള്യങ്ങളും പുനഃപ്രസിദ്ധീകരിക്കുമെന്ന സന്തോഷം അറിയിച്ചാണ് പ്രസാധകര്‍ മടങ്ങിയത്.