ട്രെയിനിൽ പോലീസിന്റെ മർദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവന്തപുരം: മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ.എസ്.ഐ മർദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര് സിറ്റി പൊലീസ് കമ്മീഷണര് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. യാത്രക്കാരനെ മർദിക്കുന്നതുമായി വന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. തുടർന്ന് ഇയാളെ വലിച്ചിഴച്ച് പുറത്താക്കുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.

ഈ സംഭവത്തോട് കൂടി സംസ്ഥാനത്തെ പൊലീസിന്റെ അതിക്രമത്തെ കുറിച്ച് വീണ്ടും ചർച്ചയായിരിക്കുകയാണ്. കുറ്റം തെളിഞ്ഞാൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് കണ്ണൂർ പൊലീസ് കമ്മീഷണർ ഇളംങ്കോവൻ പറഞ്ഞിരുന്നു.
