മലപ്പുറത്ത് കുഴൽപ്പണം കവർന്ന സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.
മലപ്പുറം: കോഡൂരിൽ 80 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർന്ന സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണൽ വീട്ടിൽ അജി ജോൺസൻ (32), രമ്യാഭവനം വീട്ടിൽ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ മൂന്നുപേർ പിടിയിലായിരുന്നു. നവംബർ 26നാണ് നാലോളം വാഹനങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് കവർച്ച നടത്തിയത്. പ്രതി അജി ജോൺസൻ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസുകളിലും വ്യാജ മദ്യനിർമ്മാണം ഉൾപ്പെടെ 15ഓളം കേസുകളിലും പ്രതിയാണ്. ചില തമിഴ് പടങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിടിയിലായ രഞ്ജിത്ത് വധശ്രമം, വാഹന മോഷണം ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ്.
തൃശൂർ ഒല്ലൂരിൽ ഒരു കോടി രൂപ കവർന്ന സംഭവത്തിൽ പിടിക്കപ്പെട്ട് ജയിലിലായ പ്രതികളും വധശ്രമത്തിന് പിടിയിലായ അജി ജോൺസനും ചേർന്ന് ജയിലിൽ കിടക്കുന്ന സമയത്താണ് കവർച്ച ആസൂത്രണം ചെയ്തത്. നിലമ്പൂർ സ്വദേശി സിറിൽ മാത്യുവായിരുന്നു മുഖ്യസൂത്രധാരൻ. അജി ജോൺസന്റ നേതൃത്വത്തിലുള്ള ആലപ്പുക്കാരായ അഞ്ചംഗ സംഘമാണ് കവർച്ചയ്ക്കെത്തിയത്. ഇതിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സതീഷിനെയും സിറിൽ മാത്യുവിന്റെ സംഘത്തിൽപ്പെട്ട മങ്കട സ്വദേശി ബിജേഷ്, തിരൂരങ്ങാടി സ്വദേശികളായ നൗഷാദ്, മുസ്തഫ എന്നിവരെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. സിറിൽ മാത്യു ഉൾപ്പെടെ മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കവർച്ചയ്ക്ക് ശേഷം നിലമ്പൂൽ വച്ച് സിറിൽമാത്യുവിന്റെ നേതൃത്വത്തിൽ പണം എല്ലാവർക്കും വീതിച്ചുനൽകി. ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പ്രതികൾക്ക് താമസ സൗകര്യമടക്കം ചെയ്തു കൊടുത്തവരും പൊലീസ് നിരീക്ഷണത്തിലാണ്. പിടികൂടിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും.