പൊലീസ് ചമഞ്ഞ് മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രിസൺ ഓഫീസർ അറസ്റ്റിൽ

കോഴിക്കോട്: പൊലീസ് ചമഞ്ഞ് ലോഡ്ജുകളിൽ മുറിയെടുത്ത് നിരവധി ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസൺ ഓഫീസർ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബിആർ സുനീഷി(40) നെയാണ് കസബ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാളെ സസ്പെൻഡ് ചെയ്തേക്കും. മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച് കോഴിക്കോട് കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആൺകുട്ടികളുടെ പരാതിയിൽ ഇയാൾക്കെതിരെ മലപ്പുറം എടക്കര പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും, കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതും, നേരത്തെ കോഴിക്കോട് സബ് ജയിലിൽ അസി. വാർഡനായി ജോലി ചെയ്തിരുന്നു.

ഇയാൾക്കെതിരെ കർശനമായ വകുപ്പുതല നടപടിയും ഉണ്ടാകും. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശിവദാസൻ, രഞ്ജിത്,ഷറീനാബി,സിവിൽ പൊലീസ് ഓഫീസർ വിഷ്ണു പ്രഭ എന്നിവർ കണ്ണുർ സെൻട്രൽ ജയിലിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു