റിഹാബ് എക്‌സ്പ്രസ് സേവനം മലപ്പുറത്തേയ്ക്കും
മലപ്പുറം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സാമ്പത്തിക സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍)സജ്ജീകരിച്ച് റാഹാബ് എക്‌സ്പ്രസ് സേവനം ജില്ലയിലും ഉറപ്പാക്കാം. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ നൂതന ചികിത്സ നല്‍കുന്ന സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ സ്ഥാപനമാണ് നിപ്മര്‍. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും നിപ്മര്‍ സേവനം ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതിന് റീഹാബ് എക്‌സ്പ്രസിന്റെ സേവനം ലഭ്യമാക്കാം.
ഒരുലോ ഫ്‌ളോര്‍ എസി ബസില്‍ ഭിന്നശേഷിക്കാര്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ,ഫിസിയോതെറാപ്പി ,സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, കേള്‍വി പരിശോധന , ഭിന്നശേഷി സഹായ ഉപകരണ നിര്‍ണയ പരിശോധന, തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ റീഹാബ് എക്‌സ്പ്രസിന്റെ സേവനങ്ങള്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
റീഹാബ് എക്‌സ്പ്രസ്സ് പദ്ധതിയുടെ സേവനം പ്രയോജനപെടുത്താന്‍ ആഗ്രഹിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിവിധ കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് അതത് ജില്ലാ സാമൂഹ്യ സുരക്ഷാ മിഷന്‍ ഓഫീസിലോ നിപ്മറില്‍ നേരിട്ടോ ബന്ധപ്പെടാം. റീഹാബ് എക്‌സ്പ്രസിന്റെ സേവനം തികച്ചും സൗജന്യമാണെന്നും സംസ്ഥാനത്തിന്റെ ഏതു മേഖലയിലും സേവനം ഉറപ്പാക്കുമെന്നും നിപ്മര്‍ എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു. ആവശ്യക്കാര്‍ക്ക് 9288099588 എന്ന നമ്പറിലും ബന്ധപ്പെടാം.