പ്രവാസിയുടെ ഭാര്യയായ നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ളാക്ക് മെയിൽ ചെയ്യാൻ
കോട്ടയം: നഴ്സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രസവ വാർഡിൽ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത്. വൻ തുക കടം വാങ്ങി വഞ്ചിച്ച കാമുകനോടുള്ള പ്രതികാരത്തിനായാണ് നീതു കുഞ്ഞിനെ കവർന്നത്. പ്രവാസിയുടെ ഭാര്യയായ ഇവർ കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവിൽ നിന്നും യുവാവ് കൈക്കലാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാൻ തുനിഞ്ഞത്. ഇതിനായി കുഞ്ഞിനെ കവർന്ന ശേഷം ബാദുഷയുടെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ വിവാഹം മുടക്കാനുള്ള നീതുവിന്റെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു, ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.
ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് നീതുവിനെ കസ്റ്റഡിയിലെടുത്ത് കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പ്രസവിച്ച വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവർ കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മുപ്പത്തിമൂന്ന് കാരിയായ നീതു മുൻപ് ഗർഭം അലസിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞനിറമുള്ളതിനാൽ അടിയന്തരമായി ഡോക്ടറെ കാണിക്കണമെന്ന് മാതാവിനെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. കുട്ടിയുമായി പോയ നഴ്സിനെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അശ്വതി നഴ്സിംഗ് വിഭാഗത്തിൽ അന്വേഷിച്ചെത്തി. തങ്ങളാരും കുട്ടിയെ എടുത്തിട്ടില്ലെന്ന് അവർ പറഞ്ഞതോടെ ബഹളമായി. ഇതിനിടെ നീതു മൂന്നു ദിവസമായി താമസിക്കുന്ന ഫ്ളോറൽ പാർക്ക് ഹോട്ടലിൽ കുഞ്ഞുമായെത്തിയിരുന്നു. മാനേജർ സാബുവിനോട് കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് അമൃത ആശുപത്രിയിൽ കൊണ്ടുപോകാൻ ടാക്സി വേണമെന്ന് പറഞ്ഞു. മെഡിക്കൽ കോളേജിന് മുന്നിലെ സ്റ്റാൻഡിൽ നിന്ന് മാനേജർ ടാക്സി വിളിച്ചുവരുത്തി. അതിന്റെ ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിരുന്നതിനാൽ, സംശയം തോന്നി മാനേജരെയും ഗാന്ധിനഗർ എസ്.ഐയെയും ഫോണിൽ വിളിച്ചു. പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ സി.സി.ടി.വിയിൽ റോസ് നിറത്തിലുള്ള ചുരിദാർ ധരിച്ച യുവതി കുട്ടിയുമായി പോകുന്നത് പതിഞ്ഞിരുന്നു. യുവതിക്കൊപ്പം എട്ട് വയസുള്ള ആൺകുട്ടിയുമുണ്ടായിരുന്നു.