സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടു കെട്ടും
കോഴിക്കോട്: സമാന്തര ഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഒളിവിലുള്ള 4 പ്രതികളുടെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ടു ജില്ലാ സി ബ്രാഞ്ച് അസി.കമ്മിഷണർ ടി.പി.ശ്രീജിത്ത് സംസ്ഥാന റജിസ്‌ട്രേഷൻ ഐജിക്ക് അപേക്ഷ നൽകി.

ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപിൽ ഹാജരാകാത്തതിനെത്തുടർന്നാണു സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി സർക്കാരിനു കോടികളുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റജിസ്‌ട്രേഷൻ ഇനത്തിൽ മാത്രം 2.5 കോടിയാണ് നഷ്ടം.
കേസിലെ ആറു പ്രതികളിൽ സമാന്തര എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനായ കുണ്ടായിത്തോട് സ്വദേശി ജുറൈസ്, എക്‌സ്‌ചേഞ്ചിനാവശ്യമായ ഉപകരണങ്ങൾ നൽകിയ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
2021 ജൂലൈ ഒന്നിനാണു നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽ സമാന്തര ഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളൂരു എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണു കോഴിക്കോട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എക്‌സ്‌ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത് എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം പ്രതിചേർത്ത മലപ്പുറം വാറങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരിക്കായി പൊലീസ് തിരച്ചിൽ സർക്കുലർ പുറത്തിറക്കി. ഇയാൾ ഷാർജയിലേക്ക് കടന്നുവെന്ന വിവരത്തെത്തുടർന്നാണിത്. ഒളിവിലുള്ള മറ്റ് 3 പ്രതികൾക്കുമായി നേരത്തേ തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു.