സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത്‌ വച്ചു

കണ്ണൂര്‍: മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ അതിരടയാളക്കല്ലുകള്‍ വീണ്ടും പിഴുതു മാറ്റി. എട്ടു സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട്‌ റീത്ത്‌ വച്ച നിലയില്‍. പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ്‌ സംഭവം ആദ്യം കണ്ടത്‌. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപവും സര്‍വേക്കല്ല്‌ പിഴുതു മാറ്റിയിരുന്നു.
സില്‍വര്‍ ലൈന്‍ സാമൂഹികാഘാത പഠനം ഇന്ന്‌ ആരംഭിക്കാനിരിക്കെയാണു ജില്ലയില്‍ പദ്ധതിക്കെതിരായ പ്രതിഷേധം ശക്‌തമാകുന്നത്‌.

മാടായിപ്പാറയ്‌ക്കു കുറുകെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട്‌ പരിസ്‌ഥിതി, രാഷ്‌ട്രീയ സംഘടനകള്‍ പ്രക്ഷോഭത്തിലാണ്‌. ഏറ്റവും കൂടുതല്‍ സര്‍വേക്കല്ലുകള്‍ സ്‌ഥാപിച്ചതും ഈ പ്രദേശത്താണ്‌. മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി കൂട്ടായ്‌മകള്‍ പ്രദേശത്ത്‌ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌. കല്ല്‌ പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും വ്യക്‌തമാക്കി.
അതേസമയം, മാടായിപ്പാറയില്‍ സര്‍വേക്കല്ല്‌ പിഴുതുമാറ്റിയ ചിത്രങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ പുത്തന്‍പുരയില്‍ രാഹുലിനെതിരേ പഴയങ്ങാടി പോലീസ്‌ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണു നടപടി.